മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. സിയാദ്, ഫഹദ്, റഹീസ്, ബഹാത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉച്ചകഴിഞ്ഞാണ് ദുരന്തമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഏഴ് പേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സമീപവാസികളാണ് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും രണ്ടുപേർ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാൻ എത്തിയ ഏഴംഗ സംഘത്തിനാണ് ഇടിമിന്നലേറ്റത്. കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കാണാതായ ഒരാളെ പിന്നീട് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് നടന്നത്.