മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. ഏഴ് പേർക്ക് മിന്നലേറ്റതിൽ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.
മരിച്ച വിദ്യാർത്ഥികൾ ഫഹദ്, സിയാദ്, റഹീസ്, വഹാസ് എന്നിവരാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്റിൽ വെച്ചാണ് അപകടം നടന്നത്. ആളുകൾ സ്ഥിരമായി വന്നുപോകുന്ന സ്ഥലത്ത് വൈകുന്നേരം പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്താണ് വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.