കൊച്ചി: കല്യാൺ ജ്വല്ലേഴ്സിന് റെക്കോർഡ് ലാഭം. അറ്റാദായത്തിൽ 118% കുതിപ്പ്, നിക്ഷേപകർക്ക് ഡിവിഡന്റ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് 2024 മാർച്ച് പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും അറ്റാദായത്തിലും റെക്കോർഡ് വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർക്ക് മികച്ച ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 118.2% വർദ്ധിച്ച് 410 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 188 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനത്തിൽ 66 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി. വരുമാനം 6,182 കോടി രൂപയിൽ നിന്ന് 10,275 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭം 399 കോടി രൂപയിൽ നിന്നും 84% വളർച്ചയോടെ 736 കോടിയായി മാറി. എബിറ്റ്ഡ മാർജിൻ 6.4 ശതമാനത്തിൽ നിന്ന് 7.1 ശതമാനത്തിലേക്കും ഉയർന്നു.
അന്താരാഷ്ട്ര ഓപ്പറേഷൻസിൽ നിന്നും മികച്ച വരുമാനമാണ് 2024 മാർച്ച് പാദത്തിൽ കമ്പനി നേടിയത്. ഈ മേഖലയിലെ വരുമാനം 1,157 കോടി രൂപയാണ്. 2023 മാർച്ചിലെ 807 കോടി രൂപയിൽ നിന്ന് 43% വർദ്ധനവാണിത്. കല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ ഫസ്റ്റ് പ്ലാറ്റ്ഫോമായ കാൻഡിയർ വലിയ മുന്നേറ്റമാണ് നടത്തിയത്. 2024 മാർച്ച് പാദത്തിൽ മാത്രം 360% വരുമാന വളർച്ചയാണ് കാൻഡിയർ നേടിയത്. ഓഹരിയുടമകൾക്ക് 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2.50 രൂപ നിരക്കിലാകും ഡിവിഡന്റ് ലഭിക്കുക.