മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു. ബയേൺ മ്യൂണിക്കിന്റെ മൈതാനമായ അലയൻസ് അറീനയിൽ നടന്ന രണ്ടാം പാദ സെമിയിൽ ഇരു ടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞു. ആദ്യ പാദത്തിലെ 5-4 എന്ന വിജയത്തിന്റെ പിൻബലത്തിൽ, ഇരു പാദങ്ങളിലുമായി 6-5 എന്ന അഗ്രിഗേറ്റ് സ്കോറോടെയാണ് പിഎസ്ജി കലാശപ്പോരിന് യോഗ്യത നേടിയത്.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയിലൂടെ പിഎസ്ജി ലീഡ് നേടി. ഖ്വിച വാർത്സ്ഖേലിയ നൽകിയ പാസ് ഡെംബെലെ അനായാസം വലയിലെത്തിക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ ബയേണിന് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഹാരി കെയ്നാണ് ബയേണിനായി ആശ്വാസ ഗോൾ നേടിയത്. ഡെംബെലെയുടെ ഗോളിന് വഴിയൊരുക്കിയതോടെ ഖ്വിച വാർത്സ്ഖേലിയ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. സീസണിൽ നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുകയോ അസിസ്റ്റ് നൽകുകയോ ചെയ്യുന്ന ആദ്യ താരമായി അദ്ദേഹം മാറി.
അതേസമയം, മത്സരത്തിലെ റഫറിയുടെ ചില തീരുമാനങ്ങൾ ബയേണിന് തിരിച്ചടിയായി എന്ന വിമർശനവുമുണ്ട്. ആദ്യ പകുതിയിൽ നൂനോ മെൻഡസിനെതിരെയും പിന്നീട് ജാവോ നെവസിനെതിരെയും ബയേൺ താരങ്ങൾ ഹാൻഡ്ബോളിനായി അപ്പീൽ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. ഈ രണ്ട് സാഹചര്യങ്ങളിലും റഫറി വാർ പരിശോധിക്കാൻ തയ്യാറാവാതിരുന്നത് ബയേൺ താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചു. കിരീടം നിലനിർത്താനിറങ്ങുന്ന പിഎസ്ജിക്ക് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സണലാണ് ഫൈനലിലെ എതിരാളികൾ. മേയ് 30-ന് ബുഡാപെസ്റ്റിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്.