ലണ്ടൻ: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാണ്. ജൂൺ 14-ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 12 മുതൽ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി ലോകകപ്പ് നടക്കും.
റിച്ച ഘോഷ്, യാസ്തിക ഭാട്യ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. യാസ്തിക ഭാട്യയും രാധാ യാദവും ടീമിലേക്ക് തിരിച്ചെത്തുന്നു. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പേസ് ബൗളർ നന്ദിനി ശർമ ടീമിലിടം നേടി. നന്ദിനിയാണ് ടീമിലെ ഏക പുതുമുഖം. ഹർലീൻ ഡിയോൾ, സ്നേഹ് റാണ എന്നിവർക്ക് ടീമിലിടം നേടാനായില്ല.
ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. പാകിസ്താൻ, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരാണ് മറ്റ് ടീമുകൾ. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരമുണ്ട്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.