വാർത്താ ലോകം: യുഎഇ വ്യോമാതിർത്തി പൂർണ്ണമായി തുറന്നു; കൂടുതൽ ഇന്ത്യൻ വിമാന സർവീസുകൾക്ക് സാധ്യത. ആഴ്ചകളായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ ഗൾഫ് യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും. യുഎഇയിൽ നിന്നുമുള്ള വിമാന യാത്രകൾ, വിശേഷിച്ച് ഇന്ത്യയിലേക്കുള്ള സർവീസുകൾ കൂടുതൽ എളുപ്പമാകും.
ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ വ്യോമാതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ നിയന്ത്രണങ്ങൾ നീക്കിയതോടെ കൂടുതൽ ഇന്ത്യൻ സർവീസുകൾ ആരംഭിക്കാൻ സാധ്യത തെളിഞ്ഞിരിക്കുകയാണ്. റദ്ദാക്കപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ യാത്രാക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകും.
മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎഇ വ്യോമാതിർത്തി പൂർണ്ണമായും അടച്ചത്. പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തി വ്യോമപാത ഭാഗികമായി തുറന്നിരുന്നു. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ സംബന്ധിച്ച് നടത്തിയ സമഗ്രമായ അവലോകനത്തിന് ശേഷമാണ് വ്യോമാതിർത്തി പൂർണ്ണമായും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.