ബിസിനസ്: ടാറ്റ ട്രെന്റ് Q4 ഫലം നിക്ഷേപകർക്ക് നേട്ടം, 1:2 അനുപാതത്തിൽ ബോണസ് ഓഹരിയും 6 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. സൂഡിയോ (Zudio), വെസ്റ്റ്സൈഡ് (Westside) തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ മാതൃ കമ്പനിയായ ടാറ്റാ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡ് (Trent Ltd) ചരിത്രത്തിലാദ്യമായി ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു. മികച്ച നാലാം പാദ (Q4) സാമ്പത്തിക ഫലങ്ങൾക്ക് പിന്നാലെയാണ് നിക്ഷേപകരെ ആവേശത്തിലാക്കി ബോണസ് പ്രഖ്യാപനവും ലാഭവിഹിതവും കമ്പനി പുറത്തുവിട്ടത്. ഓഹരി വിപണിയിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന ടാറ്റ ട്രെന്റ് ഓഹരിയുടെ പുതിയ പ്രഖ്യാപനങ്ങളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകുന്നു.
കമ്പനിയുടെ ചരിത്രത്തിലാദ്യമായി 1:2 എന്ന അനുപാതത്തിലാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, നിലവിൽ നിങ്ങളുടെ കൈവശമുള്ള രണ്ട് ട്രെന്റ് ഓഹരികൾക്ക് ഒരു ഓഹരി വീതം സൗജന്യമായി ലഭിക്കും. ബോണസിന് പുറമേ ഓഹരിയൊന്നിന് 6 രൂപ വച്ച് ലാഭവിഹിതവും കമ്പനി നൽകും. എന്നാൽ പുതിയതായി ലഭിക്കുന്ന ബോണസ് ഓഹരികൾക്ക് ഈ ലാഭവിഹിതം ലഭിക്കില്ല. ബോണസ് ഓഹരികൾക്ക് അർഹതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള റെക്കോർഡ് തീയതിയായി 2026 മെയ് 29 കമ്പനി നിശ്ചയിച്ചിട്ടുണ്ട്. ഈ തീയതിയിൽ കമ്പനിയുടെ റെക്കോർഡുകളിൽ പേരുള്ള എല്ലാ ഓഹരിയുടമകൾക്കും ബോണസിന് യോഗ്യതയുണ്ടാകും. 2,500 കോടി രൂപയുടെ അധിക ധനസമാഹരണത്തിനും കമ്പനി അനുമതി നൽകിയിട്ടുണ്ട്.
നാലാം പാദത്തിൽ മികച്ച പ്രകടനമാണ് ഈ ടാറ്റ കമ്പനി കാഴ്ചവെച്ചത്. വാർഷികാടിസ്ഥാനത്തിൽ അറ്റാദായം 32.6% വർധിച്ച് 413.1 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 311.6 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19.2% ഉയർന്ന് 5,027.99 കോടിയായി. കഴിഞ്ഞ വർഷം ഇത് 4,216.9 കോടിയായിരുന്നു. എബിറ്റ്ഡ 44% വർധിച്ച് 653 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ 9.7 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി മെച്ചപ്പെട്ടു. 2026 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 20,000 കോടിയെന്ന നാഴികക്കല്ല് പിന്നിട്ട് 20,074 കോടി രൂപയിലെത്തി. നിലവിലെ ഓഹരി വില 4,254 രൂപയാണ്. വിപണി മൂല്യം 1,51,221 കോടി രൂപയാണ്. 52 ആഴ്ചയിലെ ഉയർന്ന/താഴ്ന്ന വില 6,261 രൂപ / 3,276 രൂപയാണ്. ബോണസ് ഓഹരികൾ വിപണിയിൽ ട്രെന്റ് ഓഹരികളുടെ ലഭ്യത വർദ്ധിപ്പിക്കും. ബോണസിനെ തുടർന്ന് ഓഹരി വിലയിൽ ആനുപാതികമായ കുറവുണ്ടാകുമെങ്കിലും, ദീർഘകാല നിക്ഷേപകർക്ക് ഇത് വലിയ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമായാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.