ഡൽഹി: ആളോഹരി ജിഡിപിയിൽ ഇന്ത്യയെ മറികടക്കാൻ ബംഗ്ലാദേശ്. 2026ൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നും, ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട്.
ഐഎംഎഫിന്റെ ഏറ്റവും പുതിയ ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2026 ഏപ്രിലിൽ ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിൽ എത്തും. ഇതേ കാലയളവിൽ ഇന്ത്യയുടേത് 2812 ഡോളർ ആയിരിക്കും. അതായത് ഇന്ത്യയേക്കാൾ 99 ഡോളറിന്റെ മുൻതൂക്കം ബംഗ്ലാദേശിനുണ്ടാകും. 2021 മാർച്ചിലും സമാനമായ രീതിയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നിരുന്നു. മൊത്തം ജിഡിപിയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇന്ത്യയുടെ ജിഡിപി ഏപ്രിലിൽ 4.1 ലക്ഷം കോടി ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ബംഗ്ലാദേശിന്റേത് 51,000 കോടി ഡോളറാണ്.
അതേസമയം, ബംഗ്ലാദേശിന്റെ ഈ മുന്നേറ്റം അധികകാലം നിലനിൽക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2027-ൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും. 2027-ൽ 3074 ഡോളർ ആളോഹരി ജിഡിപി വരുമാനവുമായി ഇന്ത്യ ബംഗ്ലാദേശിനെ വീണ്ടും പിന്നിലാക്കും. പിന്നീട് 2031 വരെ ഇന്ത്യയുടെ ഈ സ്ഥാനത്തിന് യാതൊരു കോട്ടവും ഉണ്ടാകില്ലെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ഇന്ത്യ അധികം വൈകാതെ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.