തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്കായി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് കിരീടം സ്വന്തമാക്കിയത്. കെസിഎ പ്രസിഡന്റ് അഡ്വ. അഡ്വ. ശ്രീജിത് വി നായർ ജേതാക്കൾക്ക് ട്രോഫികളും 30,000 രൂപ കാഷ് പ്രൈസും സമ്മാനിച്ചു. കെസിഎ സിഇഒ ആൻഡ് സിഎഫ്ഒ മിനു ചിദംബരം, കെസിഎ വൈസ് പ്രസിഡന്റ് കെ സതീശൻ, ട്രഷറർ ടി അജിത് കുമാർ, ആർബിഎൽ ബാങ്ക് കേരള ഹെഡ് റിജോ ജോൺ, ബ്രാഞ്ച് മാനേജർ അഭിലാഷ് ഡേവിഡ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെസിഎല്ലിന് മുന്നോടിയായി സംസ്ഥാനത്ത് ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിലായാണ് ടൂർണമെന്റ് നടന്നത്. ഓരോ ജില്ലകളിലെയും ജേതാക്കൾ കഴക്കൂട്ടത്തെ ദി ഓവൽ ടർഫിൽ നടന്ന ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആഷസ് കൊട്ടാരക്കര അഞ്ച് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തു. ഒൻപത് പന്തുകളിൽ നിന്ന് 25 റൺസ് നേടിയ നിസാമാണ് ആഷസിന്റെ ടോപ് സ്കോറർ. യുവ രാമനാട്ടുകരയ്ക്കായി വിഷ്ണു രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുവ രാമനാട്ടുകരയ്ക്ക് അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഒരു ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്യാപ്റ്റൻ റോബിന്റെ മികച്ച പ്രകടനമാണ് ആഷസിന് വിജയം സമ്മാനിച്ചത്.
ഫോർച്യൂൺ സിസി (തിരുവനന്തപുരം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോൺക്വറേഴ്സ് (ആലപ്പുഴ), ഐഡ ബറ്റാലിയൻസ് (കൊച്ചി), ലെജന്റ്സ് പൊന്നൂക്കര (തൃശൂർ), യുവ രാമനാട്ടുകര (കോഴിക്കോട്) എന്നീ ടീമുകളായിരുന്നു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. യുവ രാമനാട്ടുകരയുടെ ജോസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. യുവ രാമനാട്ടുകരയുടെ തന്നെ അസ്ലം മാവൂർ മികച്ച ബാറ്റർക്കുള്ള പുരസ്കാരവും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരത്തിനുള്ള അംഗീകാരവും സ്വന്തമാക്കി. മികച്ച ബൗളറായി വിഷ്ണു നന്ദനെ തിരഞ്ഞെടുത്തു.