ജംഷേദ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ഗോവന്‍ ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ലബ്ബിന് കൈമാറാന്‍ ടാറ്റാ സ്റ്റീല്‍ തീരുമാനിച്ചു. ജംഷേദ്പൂര്‍ ഫുട്ബോള്‍ ആന്‍ഡ് സ്പോര്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും കേവലം 100 രൂപയുടെ നാമമാത്ര തുകയ്ക്കാണ് കൈമാറുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റാ സ്റ്റീല്‍ ഡയറക്ടര്‍ ബോര്‍ഡ് കമ്മിറ്റി യോഗത്തിലാണ് ഈ ഇടപാടിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. ടാറ്റാ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സബ്സിഡിയറിയുടെ 4.08 കോടി ഇക്വിറ്റി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതിനായുള്ള ഓഹരി വില്‍പ്പന കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അംഗീകാരം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31നകം കൈമാറ്റം അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജംഷേദ്പൂര്‍ എഫ്സിയുടെ ഐഎസ്എല്‍ സ്പോര്‍ട്ടിങ് ലൈസന്‍സും ചര്‍ച്ചില്‍ ബ്രദേഴ്സിന് കൈമാറും. 2026 സെപ്റ്റംബര്‍ മുതല്‍ ജംഷേദ്പൂര്‍ എഫ്സിയിലെ 12 കളിക്കാരുടെയും രണ്ട് പരിശീലകരുടെയും കരാറുകള്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഏറ്റെടുക്കും. ഇത് താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഐഎസ്എല്ലില്‍ തന്നെ തങ്ങളുടെ പ്രൊഫഷണല്‍ കരിയര്‍ തുടരാന്‍ അവസരമൊരുക്കും. രണ്ട് തവണ ഐ-ലീഗ് കിരീടം നേടിയിട്ടുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് ഈ കൈമാറ്റത്തിലൂടെ ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകും. നിയമതര്‍ക്കങ്ങളെത്തുടര്‍ന്ന് നേരത്തെ ഐ-ലീഗ് 2ലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്ന ക്ലബ്ബിന് ഇത് വലിയൊരു വഴിത്തിരിവാണ്.
ജംഷേദ്പൂര്‍ എഫ്സിയുടെ നേരിട്ടുള്ള ഉടമസ്ഥതയില്‍ നിന്ന് ടാറ്റാ സ്റ്റീല്‍ പിന്മാറുകയാണെങ്കിലും ഫുട്ബോള്‍ രംഗത്തെ പ്രവര്‍ത്തനം കമ്പനി പൂര്‍ണമായും അവസാനിപ്പിക്കുന്നില്ല. പ്രാദേശിക, ഗോത്രവര്‍ഗ മേഖലകളില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഗ്രാസ്റൂട്ട്, യൂത്ത് ഫുട്ബോള്‍ പദ്ധതികളുമായി ടാറ്റാ സ്റ്റീല്‍ മുന്നോട്ടുപോകും. 1987-ല്‍ ജംഷേദ്പൂരില്‍ ആരംഭിച്ച ടാറ്റാ ഫുട്ബോള്‍ അക്കാദമി ഇതിനകം 300-ലേറെ താരങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ 150-ഓളം പേര് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതോടെ ടാറ്റാ സ്റ്റീലിന്റെ ജംഷേദ്പൂര്‍ എഫ്സിയുമായുള്ള നേരിട്ടുള്ള ഉടമസ്ഥതയ്ക്ക് വിരാമമാവുകയാണ്.