ലിസ്ബൺ: 2026 ടി20 ലോകകപ്പ് യൂറോപ്പ് റീജിയണൽ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ താരം മോയിസസ് ഹെന്റിക്വസാണ് ടീമിനെ നയിക്കുന്നത്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച 39 കാരനായ ഹെന്റിക്വസ്, തന്റെ പരിചയസമ്പത്തുമായി പോർച്ചുഗൽ ടീമിന് നേതൃത്വം നൽകും. ഓസ്ട്രേലിയക്കായി നാല് ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും 24 ടി20 മത്സരങ്ങളിലും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
ഐപിഎല്ലിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഹെന്റിക്വസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയ പ്രമുഖ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ, ജർമനി, ഗ്രീസ്, ചെക്കിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇസ്രായേലിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ബിയിലെ വിജയികൾ ഓഗസ്റ്റ് 21-ന് നടക്കുന്ന ഫൈനലിൽ ഗ്രൂപ്പ് എയിലെ ജേതാക്കളുമായി ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് യൂറോപ്യൻ റീജിയണൽ ഫൈനലിലേക്ക് പ്രവേശനം ലഭിക്കും. സ്കോട്ലൻഡ്, ഡെൻമാർക്ക് തുടങ്ങിയ വമ്പൻമാർ ഉൾപ്പെടുന്ന റീജിയണൽ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിനായിരിക്കും 2026 ടി20 ലോകകപ്പിലേക്കുള്ള യോഗ്യത. മോയിസസ് ഹെന്റിക്വസിന്റെ വരവ് പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾക്ക് വലിയ കരുത്താണ് നൽകുന്നത്.