ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ അമീൻ റഹ്മാൻ സഞ്ചരിച്ചിരുന്ന പോർഷെ കാർ ചെന്നൈയിൽ അപകടത്തിൽപ്പെട്ടു. ഗിണ്ടി കത്തിപ്പാറ ഫ്ലൈഓവറിന് സമീപം ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് അടുത്ത് വെച്ചാണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചെ 3.30ഓടെ കോയമ്പേട്ടിൽ നിന്ന് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമീൻ സഞ്ചരിച്ച വാഹനം മറ്റൊരു ടാക്സി കാറുമായി കൂട്ടിയിടിച്ചത്.
ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച ടാക്സിയിൽ അമീന്റെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അമീനും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻകരുതൽ നടപടിയായി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
അപകടത്തിൽ ടാക്സിയായി ഉപയോഗിച്ചിരുന്ന വാഗൺ ആർ കാറിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും, അപകടം നടന്ന സമയത്തെ സാഹചര്യങ്ങൾ, വാഹനങ്ങളുടെ സഞ്ചാരദിശ, ഇടിയുടെ കാരണം എന്നിവ പരിശോധിച്ചുവരികയുമാണ്.