കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ പരീക്ഷണവുമായി പോക്കോ തങ്ങളുടെ എം-സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. മികച്ച ബാറ്ററി ശേഷിയും ആകർഷകമായ ഫീച്ചറുകളും ഉൾപ്പെടുത്തി പുറത്തിറക്കിയ പോക്കോ എം8 പവർ സീരീസ് സാങ്കേതികവിദ്യാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പുതിയ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത.
പോക്കോ എം8 പ്രോ, പോക്കോ എം8 എസ് എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിലുള്ളത്. 6.99 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാന ആകർഷണം. 2396 × 1080 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് റെസ്പോൺസ് റേറ്റും ഈ സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മുൻവശത്തെ ക്യാമറയ്ക്കായി പഞ്ച് ഹോൾ ഡിസൈനും നൽകിയിട്ടുണ്ട്.
8,000 എംഎഎച്ച് എന്ന കരുത്തുറ്റ ബാറ്ററി ശേഷിയാണ് ഈ സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ്. 45 വാട്ട് ഫാസ്റ്റ് വയർഡ് ചാർജിംഗ് സൗകര്യവും ഇതിലുണ്ട്. ഓഡിയോ ജാക്ക് ഒഴിവാക്കിയാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷോട് കൂടിയ വാട്ടർ റെസിസ്റ്റന്റ് ബോഡി ഡിസൈൻ ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ഓറഞ്ച്, പച്ച, കറുപ്പ് നിറങ്ങളിൽ ലഭ്യമാകുന്ന ഫോൺ ഓഗസ്റ്റ് 7 മുതൽ ഫ്ലിപ്കാർട്ട് വഴി വിപണിയിലെത്തും. 6 ജിബി റാം പതിപ്പിന് 24,999 രൂപയും 8 ജിബി റാം പതിപ്പിന് 27,999 രൂപയുമാണ് വില. ഭാവിയിൽ ദീർഘകാല ഒഎസ് അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.