ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൃദ്ധസദനത്തിൽ കഴിയുന്ന നടനും സംവിധായകനുമായ മോഹൻ ശർമ്മയ്ക്ക് സഹായഹസ്തവുമായി തമിഴ് സൂപ്പർതാരം രജനികാന്ത്. മോഹൻ ശർമ്മയുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് രജനികാന്ത് ഒരു ലക്ഷം രൂപയുടെ അടിയന്തര സാമ്പത്തിക സഹായം കൈമാറിയത്. സഹായം ലഭിച്ച വിവരം മോഹൻ ശർമ്മ തന്നെയാണ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
തന്റെ സാഹചര്യം രജനികാന്ത് അറിഞ്ഞെന്നും, കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപയാണ് ഇപ്പോൾ ജീവിതത്തിന് ആശ്രയമായിരിക്കുന്നതെന്നും മോഹൻ ശർമ്മ പറഞ്ഞു. പോയസ് ഗാർഡനിലുണ്ടായിരുന്ന വീട് സാമ്പത്തിക പ്രതിസന്ധി മൂലം വിൽക്കേണ്ടി വന്നതായും കുടുംബജീവിതം തകർന്ന അവസ്ഥയിലാണെന്നും അദ്ദേഹം വേദനയോടെ പങ്കുവെച്ചു. നിലവിൽ കൈയിൽ പണമില്ലാത്തതും പരിചരിക്കാൻ ആളില്ലാത്തതും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈയ്ക്കടുത്തുള്ള ഗുമ്മിഡിപൂണ്ടിയിലെ ജൈന സംഘടന നടത്തുന്ന വൃദ്ധസദനത്തിലാണ് ഇപ്പോൾ മോഹൻ ശർമ്മ താമസിക്കുന്നത്. ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും മരുന്നുകൾ വാങ്ങാൻ പോലും സാമ്പത്തിക പ്രയാസം നേരിടുകയാണെന്ന് അദ്ദേഹം പറയുന്നു. ദേശീയ പുരസ്കാരം നേടിയ തന്റെ ‘ഗ്രാമം’ (നമ്മ ഗ്രാമം) എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ ആരെങ്കിലും വാങ്ങുകയാണെങ്കിൽ അത് ചികിത്സാ ചെലവുകൾക്ക് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം സിനിമാ മേഖലയോട് അഭ്യർഥിച്ചു.