ഗുരുവായൂർ: ഫ്ലെക്സ് ഫ്യൂവൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഫോർച്യൂണർ എസ്യുവിയുടെ കൺസെപ്റ്റ് മോഡൽ ടൊയോട്ട അവതരിപ്പിച്ചു. 2026-ലെ ഇന്തോനേഷ്യ മോട്ടോർ ഷോയിലാണ് ഭാവിയിലെ പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗം ലക്ഷ്യമിട്ടുള്ള ഈ വാഹനം കമ്പനി പ്രദർശിപ്പിച്ചത്. ഇതിനോടൊപ്പം ബി50 ബയോഡീസൽ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ഫോർച്യൂണർ മോഡലും ടൊയോട്ട പരിചയപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ രണ്ട് മോഡലുകളും കൺസെപ്റ്റ് ഘട്ടത്തിലാണെങ്കിലും, വരുംകാലത്ത് ഇവ വിപണിയിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ എഥനോൾ കലർത്തിയ ഇന്ധനങ്ങളുടെ ഉപയോഗം സർക്കാർ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, ഫ്ലെക്സ് ഫ്യൂവൽ ഫോർച്യൂണർ ഇന്ത്യൻ നിരത്തുകളിലും എത്തിയേക്കും. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും.
100% ബയോഎഥനോളിൽ (E100) പ്രവർത്തിക്കാൻ ശേഷിയുള്ള 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഈ ഇന്ധനത്തിന് അനുയോജ്യമാകും വിധം എഞ്ചിൻ ഹെഡ്, ഹോസ് പൈപ്പുകൾ, ഇന്ധന ലൈനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ ടൊയോട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 161 ബിഎച്ച്പി കരുത്തും 243 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എഞ്ചിന് പുറമെ, വാഹനത്തിന്റെ രൂപകൽപ്പനയും മറ്റ് സവിശേഷതകളും നിലവിലുള്ള ഫോർച്യൂണർ മോഡലുകൾക്ക് സമാനമായി തുടരും.