ഇന്ത്യ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികൾക്കായി പുത്തൻ വിശേഷങ്ങളുമായി ഹോണ്ട എത്തുന്നു. ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് തങ്ങളുടെ എക്സ്ആർ300എൽ (XR300L) മോഡലുകളെ അവതരിപ്പിക്കാനാണ് ഹോണ്ട തയ്യാറെടുക്കുന്നത്. ഹോണ്ടയുടെ ആഗോളതലത്തിലുള്ള ഡ്യുവൽ-സ്പോർട്സ് മോട്ടോർസൈക്കിൾ നിരയിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലുള്ള ഫീച്ചറുകളാണ് ഈ പുതിയ മോഡലുകളിൽ പ്രതീക്ഷിക്കുന്നത്. മോട്ടോർസൈക്കിളിന്റെ സമ്പൂർണ്ണ സാങ്കേതിക വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, എഞ്ചിൻ കരുത്തും മറ്റ് പ്രീമിയം ഫീച്ചറുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്.
ഹോണ്ടയുടെ ജനപ്രിയ മോഡലായ സിബി300എഫിനോട് (CB300F) സാമ്യമുള്ള എഞ്ചിനായിരിക്കും എക്സ്ആർ300എല്ലിൽ ഉണ്ടാവുകയെന്നാണ് സൂചന. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർസൈക്കിൾ കാഴ്ചയിൽ അഡ്വഞ്ചർ ശൈലി പിന്തുടരുന്ന കുഞ്ഞൻ മോഡലാണ്. ബ്രസീൽ, കൊളംബിയ തുടങ്ങിയ തെക്കേ അമേരിക്കൻ വിപണികളിൽ ഇതിനകം ലഭ്യമായ മോഡലിന് സമാനമായ സാങ്കേതികവിദ്യയാകും ഇന്ത്യൻ വിപണിയിലും എത്തുക.
ഇന്ത്യൻ പതിപ്പിലും ഇതേ എഞ്ചിൻ ഘടിപ്പിക്കുകയാണെങ്കിൽ 7,500 ആർപിഎമ്മിൽ 24.3 എച്ച്പി കരുത്തും 5,750 ആർപിഎമ്മിൽ 26.5 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഇതിന് സാധിക്കും. തെക്കേ അമേരിക്കൻ വിപണിയിലെ മോഡൽ ഫ്ലെക്സ് ഇന്ധനത്തിന് അനുയോജ്യമാണ്, ഇത് പെട്രോളിലും എഥനോളിലും പ്രവർത്തിക്കാൻ സഹായിക്കുന്നു. ഇന്ത്യയിൽ എഥനോൾ കലർന്ന ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് വലിയ നേട്ടമാകും. എങ്കിലും, ഇക്കാര്യത്തിൽ ഹോണ്ട ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ യൂറോ 3 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മോഡലിന്റെ ബോഡി വർക്കുകളിൽ ഇന്ത്യൻ പതിപ്പിനായി ചെറിയ മാറ്റങ്ങൾ വരുത്താനാണ് സാധ്യത.