ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ 24 ദിവസത്തിനിടെ വലിയ മുന്നേറ്റമാണ് ദൃശ്യമായത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,06,280 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,285 രൂപയുമാണ് വിപണിയിലെ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,052.88 ഡോളറാണ് നിലവിലെ നിരക്ക്. കഴിഞ്ഞ ആഴ്ചകളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് വിപണി തിരിച്ചു കയറുകയായിരുന്നു. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 1.50 ലക്ഷം രൂപയിൽ താഴെ തുടരുമ്പോൾ, വെള്ളിയുടെ വില 2.33 ലക്ഷം രൂപയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് വിലയിൽ രണ്ട് ശതമാനത്തോളം ഇടിവുണ്ടായി ഔൺസിന് 4,680 ഡോളറിൽ താഴെയായിട്ടുണ്ട്. സ്പോട്ട് വെള്ളി വില ഔൺസിന് 73 ഡോളറിനടുത്ത് നേരിയ കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില 11.4 ശതമാനം ഉയർന്ന് ബാരലിന് 111.54 ഡോളറിലും, ബ്രെന്റ് ക്രൂഡ് എട്ട് ശതമാനത്തോളം വർധിച്ച് 109 ഡോളറിനു മുകളിലുമാണ് ക്ലോസ് ചെയ്തത്.
പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴിൽ ഡാറ്റ പുറത്തുവന്നതോടെ യുഎസ് ഡോളർ 100 പോയിന്റ് കടന്ന് കരുത്താർജിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കൂടുതൽ കാലം ഉയർത്തി നിലനിർത്തുമെന്ന സൂചനകൾ വിപണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. യുഎസ് ഡോളറിന്റെ മൂല്യത്തിലുള്ള വർധനയും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതുമാണ് ആഗോള വിപണിയിൽ സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.