തിരുവനന്തപുരം: ഗണിതത്തെ ലളിതവും ആസ്വാദ്യകരവുമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) – കേരള സ്റ്റേറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ഈസി മാത്തമാറ്റിക്സ് ഫോർ ഓൾ ഏജസ് ആൻഡ് കലണ്ടർ ട്രിക്സ്’ എന്ന വിഷയത്തിൽ സാങ്കേതിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ജൂലൈ 22 ബുധനാഴ്ച വൈകിട്ട് 5.45 മുതൽ 7.00 വരെ കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള വിശ്വേശ്വരയ്യ ഭവനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിലാണ് പരിപാടി നടക്കുന്നത്.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം മുൻ മേധാവിയും മുൻ പി.ജി. ഡീനുമായ വി. രാജേന്ദ്ര ബാബു വിഷയാവതരണം നടത്തും. ഗണിതശാസ്ത്രത്തെ ലളിതമായി മനസ്സിലാക്കുന്നതിനുള്ള നൂതന മാർഗങ്ങളും കലണ്ടർ കണക്കുകൂട്ടലുകളിലെ കൗതുകകരമായ വിദ്യകളും പ്രഭാഷണത്തിൽ അദ്ദേഹം വിശദീകരിക്കും. ഗണിതത്തിൽ താല്പര്യമുള്ള ഏതു പ്രായക്കാർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.
ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ ഉദയകുമാർ കെ. എസ്. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഓണററി സെക്രട്ടറി ജഗദീശ ചന്ദ്ര പിഷാരടി എസ്. കെ. ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. IEEE, AeSI, SSI, PMI, INSARM, SAME, ISTD, IETE, IITArb തുടങ്ങിയ വിവിധ സാങ്കേതിക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്കായി സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.