വാഷിംഗ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്റെ പ്രവർത്തനത്തിൽ ഇന്ന് ആഗോളതലത്തിൽ തടസ്സം നേരിട്ടു. ഇന്ത്യൻ സമയം രാവിലെ 10.40-ഓടെ ആരംഭിച്ച സാങ്കേതിക തകരാർ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉപയോക്താക്കൾക്ക് ഫേസ്ബുക്കും മെസഞ്ചറും ഉപയോഗിക്കാനോ പുതിയ അപ്ഡേറ്റുകൾ കാണാനോ സാധിക്കാതെ വന്നു.
ലോഗിൻ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കൾക്ക് ‘Account temporarily unavailable. Your account is currently unavailable due to a site issue. We expect this to be resolved shortly. Please try again in a few minutes’ എന്ന സന്ദേശമാണ് ലഭിച്ചത്. ന്യൂസ് ഫീഡ് ലോഡ് ചെയ്യാതിരിക്കുക, മെസേജുകൾ അയയ്ക്കാൻ കഴിയാതിരിക്കുക, അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
സാങ്കേതിക തകരാറിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൂചന. ഫേസ്ബുക്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുകയും സേവനം എപ്പോൾ പൂർണ്ണമായും സാധാരണ നിലയിലാകുമെന്ന ആശങ്ക പങ്കുവെക്കുകയും ചെയ്തു.