മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നു. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ ചടങ്ങിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചടങ്ങിനിടെ പകർത്തിയ ക്ലോസ്-അപ്പ് വീഡിയോയിൽ സൽമാൻ ഖാൻ പതിവിൽ നിന്നും വ്യത്യസ്തമായി ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ജീൻസും ഇളം നിറത്തിലുള്ള ടി-ഷർട്ടും ക്യാപ്പും ധരിച്ച് അംഗരക്ഷകൻ ഷെറയ്ക്കൊപ്പമാണ് താരം ചടങ്ങിലെത്തിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. “ഇത് ശരിക്കും സൽമാൻ ഖാൻ തന്നെയാണോ?”, “വളരെ ക്ഷീണിതനായി തോന്നുന്നു” തുടങ്ങിയ പ്രതികരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്.
ട്രൈജെമിനൽ ന്യൂറാൽജിയ (Trigeminal Neuralgia) എന്ന അപൂർവവും അതിതീവ്ര വേദനയുണ്ടാക്കുന്നതുമായ നാഡീരോഗം താൻ അനുഭവിക്കുന്നുണ്ടെന്ന് സൽമാൻ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഖത്തിന്റെ ഒരു ഭാഗത്ത് കഠിനമായ വേദന അനുഭവപ്പെടുന്ന ഈ രോഗത്തെ ‘സൂയിസൈഡ് ഡിസീസ്’ എന്നും വിശേഷിപ്പിക്കാറുണ്ട്. 2007-ൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗലക്ഷണങ്ങൾ ആരംഭിച്ചതെന്ന് മുൻപ് താരം വ്യക്തമാക്കിയിരുന്നു. ഭക്ഷണം കഴിക്കാനും സംസാരിക്കാനും പോലും പ്രയാസമുണ്ടാക്കുന്ന വിധം വേദന അനുഭവപ്പെട്ടിരുന്നുവെന്നും, വർഷങ്ങളോളം വേദനസംഹാരികൾ ഉപയോഗിച്ച ശേഷം പിന്നീട് ഗാമാ നൈഫ് സർജറിക്ക് വിധേയനായെന്നും സൽമാൻ ഖാൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.