കൊച്ചി: ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധികളും അത് സൃഷ്ടിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ‘മോഹനവള്ളി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമേയം. തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന വ്യക്തി മോഹിച്ച് പിടിക്കുന്ന ‘മോഹനവള്ളി’ എന്ന കുരുക്കും, അത് അഴിക്കാൻ കുടുംബവും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ, ഫാന്റസി, ഹ്യൂമർ എന്നീ ഘടകങ്ങളെ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ഉമേഷ് എസ്. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് ഉമേഷ് ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിലേക്ക് എത്തുന്നത്.
ജെ. സ്റ്റുഡിയോസും എ2എ മൂവി സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ, ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു. തുടർന്ന് നടന്ന ആദ്യ ഷോട്ടിൽ അസീസ് നെടുമങ്ങാട് പങ്കെടുത്തു. അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുമ്പോൾ, ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജാ രവി, വിജയ് മുത്തു, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് അർക്കാഡോ ആണ് സംഗീതം നൽകുന്നത്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവഹിക്കുന്നു. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പ്രണയവും നർമ്മവും ഹൊററും കോർത്തിണക്കിയ ‘മോഹനവള്ളി’, തികച്ചും വ്യത്യസ്തമായ അവതരണശൈലിയിലൂടെ സിനിമാ പ്രേക്ഷകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.