മുംബൈ: സ്കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു. മുംബൈയിലെ ചെമ്പൂരിലെ റോഡ് നമ്പര്‍ 11-ലാണ് ദാരുണമായ അപകടം നടന്നത്. സംഭവത്തില്‍ പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. അപകടസമയത്ത് ആകെ 13 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ സമീപത്തെ ജെയിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ പുറത്തെടുക്കുന്നതിനായി അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തകരും മരം മുറിച്ചുനീക്കി യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ, മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ കാറ്റിനും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുള്ള മരങ്ങള്‍, പോസ്റ്റുകള്‍, ദുര്‍ബലമായ നിര്‍മാണങ്ങള്‍ എന്നിവ സംബന്ധിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കി.