ചടയമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സേവാഭാരതി ചടയമംഗലം പഞ്ചായത്ത് സമിതിയും ജഡായു പാറ ടൂറിസവും സംയുക്തമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. ജഡായു എർത്ത് സെന്റർ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ് രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ വിശേഷ സമ്പർക്ക പ്രമുഖ് എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജഡായു എർത്ത് സെന്റർ മാനേജിംഗ് ഡയറക്ടർ രാജീവ് അഞ്ചൽ, ഒലീവിയ ഗ്രൂപ്പ് എം.ഡി. കെ. ടി. കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് അമൃത സ്കൂൾ ഓഫ് ആയുർവേദ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിഷ്ണുരാജ് യോഗ പരിശീലന ക്ലാസിന് നേതൃത്വം നൽകി. യോഗയിലൂടെ ശരീരവും മനസ്സും എങ്ങനെ ഏകീകരിക്കാമെന്നും ആരോഗ്യസംരക്ഷണം ഉറപ്പാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
സേവാഭാരതി ചടയമംഗലം പഞ്ചായത്ത് സമിതി സെക്രട്ടറി ആർ. എസ്. ജയലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ വി നന്ദിയും രേഖപ്പെടുത്തി. പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗയുടെ പ്രസക്തിയും സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.