തൃപ്പൂണിത്തുറ: മഹാകവി എസ്. രമേശൻ നായരുടെ സ്മൃതിദിനാചരണത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ ‘രമ്യസന്ധ്യ’ എന്ന പേരിൽ അനുസ്മരണ പരിപാടിയും സംഗീതാർച്ചനയും സംഘടിപ്പിക്കുന്നു. ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തൃപ്പൂണിത്തുറ എൻ.എം. ഹാളിലാണ് പരിപാടി നടക്കുന്നത്.
തപസ്യ എറണാകുളം ജില്ലാ അധ്യക്ഷനും സാഹിത്യകാരനുമായ വെണ്ണല മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പിന്നണി ഗായകൻ ഗണേഷ് സുന്ദരം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ‘എസ്. രമേശൻ നായർ – കവിതയുടെ പ്രപഞ്ചദീപ്തി’ എന്ന വിഷയത്തിൽ കവിയും ഗാനരചയിതാവുമായ ബലറാം ഏറിക്കര അനുസ്മരണ പ്രഭാഷണം നടത്തും.
അനവദ്യ പ്രസാദിന്റെ നാന്ദിഗീതത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ തപസ്യ തൃപ്പൂണിത്തുറ കാര്യദർശി സുബ്രു ചൊവ്വര സ്വാഗതവും, നിർവാഹക സമിതി അംഗം അലക്സ് ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന്, എസ്. രമേശൻ നായർ രചിച്ച ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കി ആർ.എൽ.വി. ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന ‘രമ്യഗീതങ്ങൾ’ എന്ന സംഗീതപരിപാടിയും അരങ്ങേറും.