മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രമേയം പാസാക്കി. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആരോപിച്ചു.
ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് ഈ പദ്ധതിയെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് ആർഎസ്എസ് ആശയങ്ങൾ കടത്തിക്കൊണ്ടുവരാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കി.
അതേസമയം, പിഎം ശ്രീ വിഷയത്തിൽ മുസ്ലിം ലീഗിനകത്തും യുഡിഎഫ് ക്യാമ്പിലും ഭിന്നതകൾ രൂക്ഷമാകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ലീഗ് നേതൃത്വം, നിലവിൽ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ സ്വീകരിക്കുന്ന മൗനത്തിൽ അണികൾക്കിടയിൽ അതൃപ്തിയുണ്ട്. വിഷയത്തിൽ ലീഗിന്റെ ഔദ്യോഗിക നിലപാടും യൂത്ത് ലീഗിന്റെ പ്രതിഷേധവും തമ്മിലുള്ള വൈരുധ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.