കേരളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,400 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇറാൻ-യുഎസ് സംഘർഷവും അമേരിക്കൻ ഡോളർ കരുത്താർജിച്ചതുമാണ് രാജ്യാന്തര വിപണിയിലും തുടർന്ന് കേരളത്തിലും വിലയിടിവിന് കാരണമായത്.
ഇന്നത്തെ സ്വർണവില ഒറ്റനോട്ടത്തിൽ: 22 കാരറ്റ് സ്വർണം 1 ഗ്രാം: 13,675 രൂപ, 22 കാരറ്റ് സ്വർണം 1 പവൻ (8 ഗ്രാം): 1,09,400 രൂപ, 18 കാരറ്റ് സ്വർണം 1 ഗ്രാം: 11,295 രൂപ എന്നിങ്ങനെയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിച്ചത്. ഡോളറിൻ്റെ മുന്നേറ്റം സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കാനും വിലയിടിയാനും കാരണമായി. വെടിനിർത്തൽ കരാർ നിലവിലിരിക്കെ യുഎസും ഇറാനും പരസ്പരം ഏറ്റുമുട്ടിയെന്ന വാർത്തകൾ പുറത്തുവന്നതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. അമേരിക്കൻ ഫെഡ് റിസർവ് ഏപ്രിലിലെ യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
സ്വർണവിലയിൽ ഇടിവുണ്ടായെങ്കിലും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ സാധാരണക്കാർക്ക് 1.24 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിന് അനുസരിച്ച് പണിക്കൂലി 3 മുതൽ 30 ശതമാനം വരെ ഈടാക്കാറുണ്ട്.