മറ്റ് സ്ഥലങ്ങൾ:
പുതിയ സുരക്ഷാ സംവിധാനവുമായി ഗൂഗിൾ. നമ്മൾ പോലുമറിയാതെ നമ്മുടെ ഫോൺ നമ്പറോ, ഇമെയിൽ ഐഡിയോ, വീട്ടുപേരോ ഇന്റർനെറ്റിൽ പലയിടത്തും ലഭ്യമായേക്കാം. സൈബർ തട്ടിപ്പുകാർക്ക് ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്. ഇതിനൊരു പരിഹാരമെന്നോണം, ഗൂഗിൾ സെർച്ച് റിസൾട്ടുകളിൽ നിന്ന് നിങ്ങളുടെ വ്യക്തിവിവരങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ സഹായിക്കുന്ന “Results About You” എന്ന ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു.
വിവിധ ആവശ്യങ്ങൾക്കായി നമ്മൾ പല വെബ്സൈറ്റുകളിലും നൽകുന്ന വിവരങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ വരാൻ സാധ്യതയുണ്ട്. മറ്റ് വെബ്സൈറ്റുകളിൽ ഉള്ള വിവരമായതിനാൽ അവ നീക്കം ചെയ്യുക പ്രായോഗികമല്ല. എന്നാൽ, ഗൂഗിൾ സെർച്ചിൽ നിന്ന് ഇവ ഒഴിവാക്കാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. നിങ്ങളുടെ പേരോ വിവരങ്ങളോ ഇന്റർനെറ്റിൽ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാൽ ഗൂഗിൾ തന്നെ അത് നിങ്ങളെ അറിയിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഗൂഗിൾ ആപ്പ് വഴി ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ ഈ സുരക്ഷാ കവചം ഒരുക്കാം. ഗൂഗിൾ ആപ്പ് തുറന്ന് മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ടാപ്പ് ചെയ്യുക. അവിടെ താഴെയായി ‘Results about you’ എന്ന ഓപ്ഷൻ കാണാം. ‘Turn on monitoring’ എന്ന ഭാഗത്ത് നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകാം. ഒന്നിലധികം നമ്പറുകളോ ഇമെയിലുകളോ ഉണ്ടെങ്കിൽ അതും നൽകാവുന്നതാണ്. ശേഷം ‘I confirm’ നൽകി സേവ് ചെയ്യുക. ഇതോടെ ഗൂഗിൾ കൃത്യമായ ഇടവേളകളിൽ ഇന്റർനെറ്റ് പരിശോധിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ വിവരങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ഗൂഗിൾ നിങ്ങൾക്ക് ഒരു ഇമെയിൽ അലേർട്ട് നൽകും. ഇമെയിലിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏത് വെബ്സൈറ്റിലാണ് നിങ്ങളുടെ വിവരമുള്ളതെന്ന് പരിശോധിക്കാം. ഈ വിവരം ഗൂഗിൾ സെർച്ചിൽ വരാൻ പാടില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ അവിടെ തന്നെ നിർദ്ദേശം നൽകാം. ഇതോടെ ആരെങ്കിലും ഗൂഗിളിൽ സേർച്ച് ചെയ്താൽ നിങ്ങളുടെ ഈ വിവരങ്ങൾ റിസൾട്ടിൽ കാണിക്കില്ല. വിവരങ്ങൾ സെർച്ചിൽ വരുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിൽ ‘Mark as reviewed’ നൽകി അത് അവിടെ തന്നെ നിലനിർത്താം. ഡിജിറ്റൽ യുഗത്തിൽ നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ സഹായിക്കുന്ന വളരെ ഉപകാരപ്രദമായ ഒരു ചുവടുവെപ്പാണിത്.