തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 360 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,320 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 13,665 രൂപയുമാണ് ഇന്നത്തെ വിപണി വില. സ്വർണവിലയിലെ ഈ മാറ്റം ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ ഇല്ലെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ ബുള്ളിയൻ വില ട്രോയ് ഔൺസിന് 4,210 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ന്യൂയോർക്ക് വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.3 ശതമാനം ഇടിഞ്ഞ് 4,201.61 ഡോളറിലെത്തി. വെള്ളി വില 0.61 ശതമാനം ഇടിഞ്ഞ് 66.90 ഡോളറിലും പ്ലാറ്റിനം, പല്ലേഡിയം വിലകൾ കുത്തനെ ഇടിയുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ബുള്ളിയൻ വില ട്രോയ് ഔൺസിന് 4,000 ഡോളറിനടുത്തെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ പ്രകടമാകുന്ന ഈ വിലമാറ്റങ്ങൾ വരും ആഴ്ചകളിൽ ആഭ്യന്തര വിപണിയിലും പ്രകടമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.