ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 4,880 രൂപ കുറഞ്ഞ് 1,00,680 രൂപയായി. ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയായിരുന്നു വിപണി നിരക്ക്. 18 കാരറ്റ് സ്വർണത്തിന് എട്ടു ഗ്രാമിന് 86,200 രൂപയും, ഒരു ഗ്രാമിന് 10,775 രൂപയുമാണ് ഇന്നത്തെ വിപണി വില.
രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4,051 ഡോളറായി കുറഞ്ഞു. റെക്കോർഡ് ഉയരത്തിൽ നിന്ന് സ്വർണവിലയിൽ വലിയ തിരുത്തലാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ, ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സ്വർണവില സർവകാല റെക്കോർഡായ 1,14,560 രൂപയിൽ എത്തിയിരുന്നു. വരും ദിവസങ്ങളിലും വിപണിയിൽ കൂടുതൽ വിലക്കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
വില ഇനിയും കുറയുമെന്ന ആശങ്കയെത്തുടർന്ന് ഇന്ത്യയിൽ പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വില കൂടുതൽ കുറയുന്നതിന് മുൻപ് കൈവശമുള്ള പഴയ ആഭരണങ്ങൾ വിറ്റ് നേട്ടമുണ്ടാക്കാൻ ഉപഭോക്താക്കൾ താൽപ്പര്യം കാണിക്കുന്നു. ഈ പ്രവണതയെ ജ്വല്ലറികളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുതിയ ആഭരണങ്ങൾ വാങ്ങുന്നതിന് പകരം പഴയ സ്വർണം വിറ്റ് പണമാക്കാനാണ് ഭൂരിഭാഗം പേരും ഇപ്പോൾ താല്പര്യപ്പെടുന്നത്. ഇത് സ്വർണ ഇറക്കുമതി കുറയ്ക്കാൻ ജ്വല്ലറികളെ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.