തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 270 രൂപ വർധിച്ച് 13,620 രൂപയിലും, ഒരു പവൻ സ്വർണത്തിന് 2,160 രൂപ വർധിച്ച് 1,08,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായി വില കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 220 രൂപ വർധിച്ച് 11,195 രൂപയും പവന് 1,760 രൂപ വർധിച്ച് 89,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളി വില 260 രൂപയിലാണ് വ്യാപാരം തുടരുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ വലിയ ഇടിവാണ് പ്രകടമായത്. ജൂൺ 1, 2, 3 തീയതികളിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് നാലാം തീയതി മുതൽ വിലയിൽ ക്രമമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. നാല്, അഞ്ച് തീയതികളിൽ 1,14,480 രൂപയും, ആറ്, ഏഴ് തീയതികളിൽ 1,12,000 രൂപയുമായിരുന്നു നിരക്ക്. ജൂൺ എട്ടാം തീയതിയോടെ വില 1,11,240 രൂപയിലേക്ക് താഴ്ന്നു.
ജൂൺ പത്താം തീയതി സ്വർണവിലയിൽ രണ്ട് തവണ മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. രാവിലെ 1,09,160 രൂപ എന്ന നിരക്കിലായിരുന്ന സ്വർണം വൈകുന്നേരത്തോടെ 1,08,360 രൂപയിലേക്ക് താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും വിപണിയിലെ ഈ അസ്ഥിരത തുടരുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശികമായി സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.