തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകളെയും അക്കാദമിക് വിദഗ്ധരെയും പുതുതലമുറ സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘മിഷൻ 14 എക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, സംസ്ഥാനത്തെ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ആൻഡ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളിലെ (ഐഇഡിസി) വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കും സംരംഭകത്വത്തിനും മികച്ച പിന്തുണ നൽകാൻ ലക്ഷ്യമിടുന്നു.
മിഷൻ 14 എക്സിന്റെ ഭാഗമായി സംരംഭകത്വ മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ ഒരു പാനൽ കെഎസ്യുഎം തയ്യാറാക്കും. സ്റ്റാർട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നൊവേഷൻ, മെന്റർഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയ മേഖലകളിൽ ഏഴ് വർഷത്തിലധികം പ്രവർത്തിപരിചയമുള്ള പ്രൊഫഷണലുകൾക്കും അക്കാദമിക് ഫാക്കൽറ്റി അംഗങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. ക്ലസ്റ്റർ തലത്തിലുള്ള ഇന്നൊവേഷൻ പ്രോഗ്രാമുകൾ, സ്റ്റാർട്ടപ്പ് സ്ക്രീനിംഗുകൾ, സാങ്കേതിക മൂല്യനിർണ്ണയങ്ങൾ എന്നിവയ്ക്കായി ജില്ലാതല വിദഗ്ദ്ധ സംഘങ്ങളെ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തോടൊപ്പം സ്റ്റാർട്ടപ്പ് അവബോധം വളർത്താനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് കേരളത്തിൽ ഐഇഡിസികൾ പ്രവർത്തിക്കുന്നത്. നിലവിൽ മെഡിക്കൽ, കാർഷികം, പോളിടെക്നിക്, എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ്, നിയമം, ഫൈൻ ആർട്സ് തുടങ്ങി സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഐഇഡിസികൾ സജീവമാണ്. ഈ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ ഉന്നതിയിലെത്തിക്കാനാണ് കെഎസ്യുഎം ഈ പുതിയ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.