തിരുവനന്തപുരം: വിദ്യാര്‍ഥികളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി സംസ്ഥാനതല സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ.) തീരുമാനിച്ചു. കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എല്‍.) തുടര്‍ച്ചയെന്നോണം സംസ്ഥാനത്തെ സ്കൂള്‍ ടീമുകളെ അണിനിരത്തി വിപുലമായ ചാമ്പ്യന്‍ഷിപ്പാണ് അസോസിയേഷന് വിഭാവനം ചെയ്യുന്നത്.
ജില്ലാതല മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. തുടര്‍ന്ന് മേഖലാതലത്തിലോ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തിയുള്ള നോക്കൗട്ട് ഘട്ടത്തിലോ മത്സരങ്ങള്‍ ക്രമീകരിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ജനുവരിയോടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് കെ.സി.എ. ലക്ഷ്യമിടുന്നത്. എല്ലാ വര്‍ഷവും ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. സംസ്ഥാന, സി.ബി.എസ്.ഇ. സിലബസുകളില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാവുന്നതാണ്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ക്ക് കെ.സി.എല്‍. ടീമുകളില്‍ ഇടംനേടാനും അടുത്ത സീസണിലെ കെ.സി.എല്‍. ലിറ്റില്‍ സ്റ്റാര്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനും അവസരമൊരുങ്ങും. കെ.സി.എല്‍. താരങ്ങള്‍ കുട്ടികള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. കൂടാതെ, മികച്ച സ്കൂളുകളില്‍ നെറ്റ് പ്രാക്ടീസ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അസോസിയേഷന് സഹായം നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ സ്കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തി വളര്‍ത്തുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.