തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി പ്രമുഖ ശാസ്ത്രജ്ഞൻ യു.പി. രാജീവിനെ നിയമിച്ചു. നിലവിൽ വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടർ (ആർ ആൻഡ് ഡി) ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ നടക്കുന്ന സുപ്രധാന ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പുതിയ നിയമനം.
റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് യു.പി. രാജീവ്. ഐ.എസ്.ആർ.ഒയുടെ ചരിത്രപ്രധാനമായ ഒട്ടുമിക്ക വിക്ഷേപണ വാഹനങ്ങളുടെയും മിഷൻ ഡിസൈനിലും മിഷൻ സിമുലേഷനുകൾക്കും നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ സേവനം ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ ശ്രദ്ധേയമാണ്.
തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി) നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദവും, എൻ.ഐ.ടി കോഴിക്കോടിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം ഐ.എസ്.ആർ.ഒയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISC) നിന്ന് പി.എച്ച്.ഡിയും പൂർത്തിയാക്കി. കൊല്ലം പത്തനാപുരം സ്വദേശിയായ യു.പി. രാജീവ്, ഉണ്ണികൃഷ്ണൻ നായരുടെയും പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സിയിലെ മുതിർന്ന ശാസ്ത്രജ്ഞയായ ആശ പി. നായരാണ് ഭാര്യ. പാർവതി നായർ മകളാണ്.