ന്യൂഡൽഹി: വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യുന്നതിനായി ഇനി മുതൽ ഒടിപി (OTP) കാത്തിരിക്കേണ്ടതില്ല. മെറ്റയുമായി ചേർന്ന് വി (Vi) അവതരിപ്പിച്ച പുതിയ ‘സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ’ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും ലളിതവുമായ ലോഗിൻ അനുഭവം ലഭ്യമാകും. ഉപയോക്താവ് സ്വന്തം വി നെറ്റ്വർക്കിലായിരിക്കുമ്പോൾ, പശ്ചാത്തലത്തിൽ തന്നെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന ഈ സാങ്കേതികവിദ്യ ആപ്പുകൾക്കിടയിൽ മാറിമാറി സഞ്ചരിക്കേണ്ട ബുദ്ധിമുട്ടും ഒടിപി കോഡുകൾ പകർത്തിയെഴുതേണ്ട ആവശ്യകതയും പൂർണ്ണമായും ഒഴിവാക്കുന്നു.
പൂർണ്ണമായും നെറ്റ്വർക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനം സുരക്ഷയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ലോഗിൻ ചെയ്യുമ്പോഴോ അക്കൗണ്ട് റിക്കവറി ചെയ്യുമ്പോഴോ ഒടിപി ലഭിക്കാത്തതിനാലുള്ള തടസ്സങ്ങളോ, സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ വഴി ഒടിപി ചോർന്നുപോകുമെന്ന ആശങ്കയോ ഇനി ഉപയോക്താക്കൾക്ക് വേണ്ട. അക്കൗണ്ട് രജിസ്ട്രേഷൻ മുതൽ സുരക്ഷാ പരിശോധനകൾ വരെ വളരെ വേഗത്തിലും തടസ്സമില്ലാതെയും പൂർത്തിയാക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.
ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഫിഷിങ് തട്ടിപ്പുകളിൽ നിന്നും ഐഡന്റിറ്റി മോഷണങ്ങളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാൻ ഈ നെറ്റ്വർക്ക് അധിഷ്ഠിത സ്ഥിരീകരണം വലിയൊരു ചുവടുവയ്പ്പാണ്. പരമ്പരാഗത എസ്എംഎസ് അധിഷ്ഠിത പ്രാമാണീകരണ രീതികളിൽ നിന്ന് മാറി കൂടുതൽ വിശ്വസനീയമായ സംവിധാനങ്ങളിലേക്ക് ടെലികോം മേഖല മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. വരുംകാലങ്ങളിൽ കൂടുതൽ ആപ്ലിക്കേഷനുകളിലും സേവനങ്ങളിലും ഇത്തരത്തിലുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും വഞ്ചന തടയൽ, റിസ്ക് അധിഷ്ഠിത സ്ഥിരീകരണം എന്നിവയിലൂടെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ കൂടുതൽ സുരക്ഷിതമാക്കുമെന്നും വി വ്യക്തമാക്കി.