മുംബൈ: ഐപിഎൽ 2026-ലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. പരിക്കേറ്റ എം.എസ് ധോണിയുടെ അഭാവത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ചെന്നൈ ഇന്നിങ്സിന് കരുത്തായത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസ് അടിച്ചുകൂട്ടി. മുംബൈയുടെ വിജയലക്ഷ്യം 208 റൺസ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത ഗെയ്ക്വാദ് പുറത്തായെങ്കിലും സഞ്ജു അടിച്ചുതകർത്തു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. സർഫറാസ് ഖാൻ വേഗം മടങ്ങിയെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ടീം 73 റൺസ് എന്ന മികച്ച നിലയിലായിരുന്നു. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു ക്രീസിൽ ഉറച്ചുനിന്നു പൊരുതി. ശിവം ദുബെ നിരാശപ്പെടുത്തിയെങ്കിലും ഡെവാൾഡ് ബ്രെവിസിനൊപ്പം ചേർന്ന് സഞ്ജു സ്കോർ 100 കടത്തി. വെറും 26 പന്തിൽ നിന്നാണ് സഞ്ജു അർധസെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നീട് കാർത്തിക് ശർമ, ജാമി ഓവർട്ടൺ എന്നിവരെ കൂട്ടുപിടിച്ച് സഞ്ജു സ്കോർ ബോർഡ് ചലിപ്പിച്ചു.
അവസാന ഓവറുകളിൽ മുംബൈ ബൗളർമാരെ സഞ്ജു കടന്നാക്രമിച്ചു. 16-ാം ഓവറിൽ മാത്രം ഒരു സിക്സറും രണ്ട് ഫോറുമടക്കം 15 റൺസാണ് താരം അടിച്ചെടുത്തത്. ഇന്നിങ്സിലെ അവസാന ഓവറിൽ 16 റൺസ് നേടിയ സഞ്ജു അവസാന പന്തിൽ ഫോറടിച്ചുകൊണ്ട് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 54 പന്തിൽ നിന്നാണ് 101 റൺസ് അടിച്ചെടുത്തത്. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറി കൂടിയാണിത്. മത്സരത്തിൽ സഞ്ജു സാംസൺ 54 പന്തിൽ 101 റൺസ് നേടി ടോപ് സ്കോററായി.