ചിറ്റോര്‍ഗഢ്: വന്ദേമാതരം വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിംബഹേരയില്‍ 21 അടി ഉയരമുള്ള മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത അദ്ദേഹം, 5,959 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കും തുടക്കം കുറിച്ചു.
എണ്‍പതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് വന്ദേമാതരം ആലപിച്ചത് ചരിത്രപരമായ നിമിഷമാണെന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വന്ദേമാതരത്തെ അവഗണിച്ചെന്നും സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിക്കിടെ വന്ദേമാതരം ആലപിക്കുന്നത് നിര്‍ത്താന്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായി അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്ദേമാതരം അപൂര്‍ണമായി നിര്‍ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് ജനങ്ങളോടും ഗാനരചയിതാവ് ബങ്കിംചന്ദ്ര ചട്ടോപാധ്യായയോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ ഈ നടപടിക്ക് മാപ്പ് നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു. പരിപാടിക്കിടെ വാജ്പേയിയുടെ ഭരണനേട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. പൊഖ്റാന്‍ ആണവപരീക്ഷണങ്ങളിലൂടെ ഇന്ത്യയെ ആണവശക്തിയാക്കിയതിലും റോഡ് അടിസ്ഥാനസൗകര്യ വികസനത്തിലും ഗോത്രവര്‍ഗ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതിലും വാജ്പേയി വഹിച്ച നിര്‍ണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.