ആംസ്റ്റല്‍വീന്‍: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയെ 2-2 എന്ന നിലയില്‍ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതാ ടീം. പരിശീലകന് ഷൂര്‍ദ് മറൈനയുടെ കീഴില്‍ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തില്‍ പുറത്തെടുത്ത ഇന്ത്യ, കരുത്തരായ ചൈനയ്ക്കെതിരെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്കായി നവ്നീത് കൗറും ദീപികയും ഗോള്‍ നേടിയപ്പോള്‍, ചൈനയ്ക്കായി സാങ് യിങ്ങും മാ നിങും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ നവ്നീതിലൂടെ ഇന്ത്യ ലീഡെടുത്തു. നേഹ നല്കിയ പാസ് മനോഹരമായ ഫ്ലിക്കിലൂടെ നവ്നീത് ചൈനീസ് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 14-ാം മിനിറ്റില്‍ ചൈന തിരിച്ചടിച്ചു. സര്‍ക്കിളിനുള്ളില്‍ ശില്പി ദബാസ് എതിര്‍താരത്തെ തള്ളിയതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സാങ് യിങ് ഗോളാക്കി മാറ്റി. രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലെടുത്ത് ദീപിക ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. എങ്കിലും 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ മാ നിങ് ചൈനയെ വീണ്ടും ഒപ്പമെത്തിച്ചു. തുടര്‍ന്നും ചൈനയ്ക്ക് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു.
പാരിസ് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ടീമിനെതിരെ സമനില പിടിക്കാനായതോടെ പൂള് ഡിയില്‍ ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന പൂള് ഡിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് മറ്റ് ടീമുകള്‍. പൂളിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.