വാഷിങ്ടണ്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന് ദേശീയ ടീമിന് നിര്‍ണായക ഇളവുകള്‍ അനുവദിച്ച് അമേരിക്ക. ഇനി മുതല്‍ മത്സരത്തിന് ഒരു ദിവസം മുമ്പ് മാത്രമല്ല, രണ്ട് ദിവസം മുമ്പ് തന്നെ യുഎസിലേക്ക് പ്രവേശിക്കാന്‍ ഇറാന് ടീമിന് അനുമതി ലഭിക്കും. ടൂര്‍ണമെന്റിലെ ടീമുകള്‍ക്ക് തുല്യമായ മത്സരസാഹചര്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ തീരുമാനം.
നേരത്തെ, മത്സരത്തിന് തൊട്ടുമുമ്പ് മാത്രം അമേരിക്കയിലെത്താനും മത്സരം അവസാനിച്ച ഉടന്‍ രാജ്യം വിടണമെന്നുമുള്ള കര്‍ശന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങള്‍ ടീമിന്റെ പരിശീലനത്തെയും മത്സരസന്നാഹങ്ങളെയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് ഫുട്ബോള്‍ ഫെഡറേഷന് ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ജൂണ്‍ 26-ന് സിയാറ്റിലില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായാണ് പുതിയ ഇളവ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ മത്സരം കഴിഞ്ഞ ദിവസം തന്നെ ടീം അമേരിക്ക വിടണമെന്ന നിബന്ധനയിലും സുരക്ഷാ പ്രോട്ടോക്കോളുകളിലും മാറ്റമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രാ നിയന്ത്രണങ്ങള്‍ മൂലം ലോകകപ്പിനായുള്ള ടീമിന്റെ പരിശീലന ക്യാമ്പ് അമേരിക്കയിലെ അരിസോണയില്‍ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടി വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇറാന് പരിശീലകന് അമീര്‍ ഘലേനോയി ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കായികവും രാഷ്ട്രീയവും വീണ്ടും ഒരേ വേദിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, ഈ ഇളവ് ഇറാന് ടീമിന് വലിയ ആശ്വാസമാണ് പകരുന്നത്. യാത്രാ തടസ്സങ്ങള്‍ക്കിടയിലും മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം.