മെക്സിക്കോ സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി ആതിഥേയരായ മെക്സിക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. കനത്ത മഴയെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് മെക്സിക്കോ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോനെസാണ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. റോബര്‍ട്ടോ അല്‍വാരഡോ നല്കിയ മനോഹരമായ ത്രൂ പാസ് സ്വീകരിച്ച ക്വിനോനെസ്, ഇടതുവശത്ത് നിന്ന് തൊടുത്ത ഷോട്ട് ഇക്വഡോര്‍ ഗോള്‍കീപ്പറെ കീഴടക്കി വലയിലെത്തിക്കുകയായിരുന്നു. ഒന്‍പത് മിനിറ്റുകള്‍ക്കുശേഷം ക്വിനോനെസിന്റെ അസിസ്റ്റില്‍ റൗള്‍ ജിമെനെസ് കൂടി ഗോള്‍ നേടിയതോടെ മെക്സിക്കോയുടെ ലീഡ് ഇരട്ടിയായി. മത്സരത്തിലുടനീളം പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആധിപത്യം പുലര്‍ത്തിയ മെക്സിക്കന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ റൗള്‍ റെഗലേയും ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും തിരിച്ചടിയായി.
1986-ന് ശേഷം ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരത്തില്‍ വിജയിക്കുന്ന ആദ്യ മെക്സിക്കന്‍ ടീം എന്ന ചരിത്രനേട്ടമാണ് ഇതോടെ സ്വന്തമായത്. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും ഉള്‍പ്പെടെ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മെക്സിക്കോയുടെ മുന്നേറ്റം. ആസ്റ്റക്ക സ്റ്റേഡിയത്തില്‍ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോല്‍വി അറിയാത്ത റെക്കോഡും ടീം നിലനിര്‍ത്തി. കൂടാതെ, 17-കാരനായ ഗില്‍ബെര്‍ട്ടോ മോറ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും മാറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട്-ഡിആര്‍ കോംഗോ മത്സരത്തിലെ വിജയികളെ മെക്സിക്കോ നേരിടും.