കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ട “Gracias Yadil” എന്ന രണ്ട് വാക്കുകൾ ഒരു മലയാളി ആരാധകന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത ഓർമ്മയായി മാറിയിരിക്കുന്നു. മെസിയുടെ 39-ാം ജന്മദിനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ യാദിൽ എം. ഇഖ്ബാൽ സ്പാനിഷ് ഭാഷയിൽ തയ്യാറാക്കിയ വീഡിയോ സന്ദേശമാണ് താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. “ഹാപ്പി ബർത്ത്ഡേ ലിയോ… കേരളത്തിൽ നിന്ന് ഒരുപാട് സ്നേഹം” എന്ന ആശംസയോടെ തുടങ്ങിയ വീഡിയോ, വർഷങ്ങളായുള്ള ആരാധനയുടെയും കാത്തിരിപ്പിന്റെയും നേർചിത്രമായിരുന്നു.
2021-ൽ കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ അർജന്റീന താരത്തിനായി യാദിൽ സ്വന്തം നാട്ടിൽ വരച്ച ഭീമൻ മ്യൂറലും, 2022 ഖത്തർ ലോകകപ്പ് വിജയത്തിനുശേഷം നിർമ്മിച്ച പ്രതിമയും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. മെസിയുടെ ചിത്രങ്ങളാൽ അലങ്കരിച്ച തന്റെ പ്രത്യേക വാഹനവും ഈ വീഡിയോയുടെ ഭാഗമായിരുന്നു. താൻ ചെയ്യുന്ന കാര്യങ്ങൾ ഒരുദിവസം ലോകം കണ്ടുനിൽക്കുന്ന താരം ശ്രദ്ധിക്കുമെന്നുള്ള യാദിലിന്റെ വിശ്വാസമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. വീഡിയോ കണ്ട മെസി, കമന്റ് ബോക്സിൽ നേരിട്ടെത്തി “Gracias Yadil” (നന്ദി യാദിൽ) എന്ന് കുറിക്കുകയായിരുന്നു.
ഈ സംഭവം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറി. ബാഴ്സലോണയുടെ സ്വർണകാലം മുതൽ മെസിയുടെ കടുത്ത ആരാധകനായ യാദിലിനെ തേടി ആയിരക്കണക്കിന് അഭിനന്ദനങ്ങളാണ് എത്തുന്നത്. കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തിന്റെ മനോഹരമായ മറ്റൊരു അധ്യായമായാണ് ഫുട്ബോൾ ലോകം ഇതിനെ നോക്കിക്കാണുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉയരുന്ന കട്ടൗട്ടുകൾക്കും ചുമർചിത്രങ്ങൾക്കും അപ്പുറം, ഒരു സാധാരണ ആരാധകന്റെ ആത്മാർത്ഥമായ സ്നേഹത്തിന് ലോകത്തെ ഏറ്റവും വലിയ താരത്തിന്റെ ഹൃദയത്തിലെത്താൻ കഴിയുമെന്ന് ഈ സംഭവം തെളിയിക്കുന്നു.