പോർട്ട്ലാൻഡ്: ഇരുചക്ര വാഹന വിപണിയിലെ പ്രമുഖ ബ്രാൻഡായ റോയൽ എൻഫീൽഡ് തങ്ങളുടെ കസ്റ്റം ബൈക്ക് നിർമ്മാണത്തിലെ മികവ് വീണ്ടും തെളിയിക്കുന്നു. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 മോഡലിനെ അടിസ്ഥാനമാക്കി പ്രശസ്ത ഡിസൈനർ റോളണ്ട് സാൻഡ്സ് രൂപകൽപ്പന ചെയ്ത ‘RSD റീലോഡ് 650’ ആണ് ഇപ്പോൾ ബൈക്ക് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. അമേരിക്കയിലെ പോർട്ട്ലാൻഡിൽ നടന്ന വൺ മോട്ടോർസൈക്കിൾ ഷോയിലാണ് ഈ കസ്റ്റം ബൈക്ക് ആദ്യമായി പ്രദർശിപ്പിച്ചത്. 2009 മുതൽ നടക്കുന്ന ഈ അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ഷോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി ഈ പുതിയ മോഡൽ മാറി.
1980-കളിലെ എഎംഎ റേസിംഗ് ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് RSD റീലോഡ് 650 ഡിസൈൻ ചെയ്തിരിക്കുന്നത്. കറുപ്പും സ്വർണ്ണവും ചേർന്ന പെയിന്റ് സ്കീം പഴയ ബുള്ളറ്റ് മോഡലുകളുടെ ക്ലാസിക് ലുക്കിനെ അനുസ്മരിപ്പിക്കുമ്പോഴും, ആധുനിക റേസിംഗ് ശൈലിയുടെ സ്പോർട്ടി ഫിനിഷും ഇതിൽ പ്രകടമാണ്. ആംഗിൾഡ് റിയർ ബോഡിവർക്ക്, സിംഗിൾ ഗൺഫൈറ്റർ-സ്റ്റൈൽ സീറ്റ്, ക്ലീൻ സിലൗറ്റ് എന്നിവ ബൈക്കിന് കൂടുതൽ അഗ്രസീവ് ലുക്ക് നൽകുന്നുണ്ട്. നവീകരിച്ച സസ്പെൻഷൻ സിസ്റ്റത്തിനൊപ്പം പ്രത്യേക അഞ്ച്-സ്പോക്ക് RSD വീലുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രകടനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കസ്റ്റം ഫുട്പെഗുകൾ, ഷിഫ്റ്റ് ലിവറുകൾ, S&S ടു-ഇൻ-വൺ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയും ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. വീതിയേറിയ ഹാൻഡിൽബാറുകൾ നൽകിയിട്ടുള്ളതിനാൽ ദീർഘദൂര യാത്രകളിലും സുഖകരമായ റൈഡിംഗ് അനുഭവം ലഭിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും ക്ലാസിക് ബുള്ളറ്റ് ശൈലിയും ഒത്തുചേരുന്ന RSD റീലോഡ് 650, റെട്രോ ബൈക്ക് ആരാധകർക്കും കസ്റ്റം മോട്ടോർസൈക്കിൾ പ്രേമികൾക്കും ഒരുപോലെ പ്രിയങ്കരമായ മോഡലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.