അബുദാബി: യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ട് തുറക്കാനാകും. ഇതിനായി ‘ടൂറിസ്റ്റ് ഐഡൻ്റിറ്റി’ എന്ന പുതിയ പദ്ധതി യുഎഇയിൽ ആരംഭിച്ചു. രാജ്യത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് പൂർണ്ണമായും ഡിജിറ്റലായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്.
യുഎഇ സെൻട്രൽ ബാങ്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി (ഐസിപി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) എന്നിവ സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. യുഎഇയിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ ഐഡൻ്റിറ്റി ലഭ്യമാകും. ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഐസിപി ആണ് ഇത് തയ്യാറാക്കുന്നത്. ഈ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് എഡിസിബിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കും.
പുതിയ സംവിധാനത്തിലൂടെ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ഡിജിറ്റൽ ഡെബിറ്റ് കാർഡ് ലഭിക്കും. കാർഡ് ആക്ടീവ് ആകുന്നതോടെ യുഎഇ സന്ദർശനത്തിന്റെ ആദ്യ ദിനം മുതൽ പേയ്മെൻ്റുകൾ നടത്താനാകും. ബാങ്ക് ശാഖകൾ സന്ദർശിക്കുകയോ ഫോമുകൾ പൂരിപ്പിക്കുകയോ ചെയ്യാതെ തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാം. ഈ പുതിയ സംവിധാനം യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ സാമ്പത്തിക ഇടപാടുകൾക്ക് സഹായകമാകും.