ഡൽഹി: യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാല് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ റൂബിയോ ഔദ്യോഗികമായി ക്ഷണിച്ചു.
ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീർത്ഥ്’ ഹാളിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. തുടർന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്ത സന്ദർശിച്ചു. അവിടെ മദർ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും, അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും അദ്ദേഹം സന്ദർശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
റൂബിയോ ഞായറാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വെച്ച് ഉഭയകക്ഷി ചർച്ചകൾ നടത്തും. പശ്ചിമേഷ്യൻ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. മെയ് 26-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡ്’ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും.