കേരളം: വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’ എന്ന ചലച്ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. പതിയിരിക്കുക എന്ന അർത്ഥം വരുന്ന ലർക്ക് എന്ന പേര് തന്നെ സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള ആകാംക്ഷ ഉയർത്തുന്നുണ്ട്. പൂർണ്ണമായും നിർമ്മിതബുദ്ധി (AI) ഉപയോഗിച്ചാണ് ഈ പ്രൊമോ ഗാനത്തിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രം എം.എ. നിഷാദാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ച്, ജുബിൻ ജേക്കബ് വരികൾ എഴുതിയ ‘Eyes on the prey’ എന്ന ഇംഗ്ലീഷ് ഗാനത്തിന് പ്രകാശ് അലക്സാണ് ഈണം പകർന്നിരിക്കുന്നത്. വിനോ വിക്രമൻ പിള്ളയാണ് ഗാനത്തിന്റെ ദൃശ്യവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത്. അടുത്ത മാസം തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാരങ്ങൾ സ്വന്തമാക്കി.
സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, ബിജു സോപാനം, സോഹൻ സീനുലാൽ തുടങ്ങിയവരും സംവിധായകൻ എം.എ. നിഷാദും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മനുഷ്യന്റെ യഥാർത്ഥ ശത്രു ആരാണെന്ന ഗൗരവകരമായ ചോദ്യമാണ് ലർക്ക് ഉയർത്തുന്നത്. മാൻ മീഡിയ ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. രജീഷ് രാമനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്.