സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഒമ്പത് മാസം വരെ തടവുശിക്ഷയോ, 2,200 ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴയോ, കൂടാതെ ആറുമാസത്തെ ഡ്രൈവിങ് വിലക്കോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയന്‍ നിയമം അനുശാസിക്കുന്നത്. കേസില്‍ ഓഗസ്റ്റ് 18-ന് കോടതി വിധി പറയും. അഭിഭാഷകന് ബോബി ഹില്‍ മുഖേനയാണ് ഡേവിഡ് വാര്‍ണര്‍ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലാണ് സിഡ്നിയില്‍ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയ്ക്കിടെ ഡേവിഡ് വാര്‍ണര്‍ മദ്യപിച്ച നിലയില്‍ വാഹനമോടിച്ചതായി കണ്ടെത്തിയത്. ഈ സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് താരം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. സുഹൃത്തിന്റെ വീട്ടില്‍ മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ചശേഷം ടാക്സി വിളിക്കാതെ സ്വന്തം കാര്‍ ഓടിച്ചുപോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഡേവിഡ് വാര്‍ണര്‍ സമ്മതിച്ചു.
കുറ്റസമ്മതത്തോടെ താരത്തിന്റെ ക്രിക്കറ്റ് ഭാവി സംബന്ധിച്ച ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ബിഗ് ബാഷ് ലീഗിലെ സിഡ്നി തണ്ടര്‍ ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സ് അധികൃതരും പ്രതികരിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിങ്ങിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരം ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചീഫ് എക്സിക്യൂട്ടീവ് ലീ ഗെര്‍മന്‍ വ്യക്തമാക്കി.