മനാമ: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ഹിതയ ബഹ്റൈന്റെ’ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾക്കായി ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. അവാലിയിലെ മൊഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കമ്പനിയുടെ തൊഴിൽ സ്ഥലത്താണ് പരിപാടി നടന്നത്. കഠിനമായ വേനൽച്ചൂടിൽ പ്രവാസലോകത്ത് ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികൾക്ക് ലഘുഭക്ഷണവും കുടിവെള്ളവും ഇവിടെ വിതരണം ചെയ്തു.
വേനൽക്കാലത്ത് കടുത്ത ചൂടിൽ ജോലി ചെയ്യുമ്പോൾ തൊഴിലാളികൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ച് പരിപാടിയിൽ ബോധവൽക്കരണം നടത്തി. നിർജലീകരണം (Dehydration) തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കഠിനമായ ചൂടിൽ ജോലി ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും തൊഴിലാളികൾക്ക് അവബോധം നൽകി. പുറംതൊഴിലുകളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ എടുത്തുപറഞ്ഞു.
പ്രവാസ ജീവിതത്തിന്റെ ഭാഗമായി കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളോടുള്ള കരുതലും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ചാണ് ഹിതയ ബഹ്റൈൻ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹിതയ ബഹ്റൈൻ ഭാരവാഹികൾ പറഞ്ഞു. പരിപാടി വിജയകരമാക്കാൻ സഹകരിച്ചവർക്കും, അനുമതി നൽകിയ മൊഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കമ്പനി അധികൃതർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.