കേരളം: കാൽപന്തിന്റെ ആഗോള മാമാങ്കത്തിന് ആവേശത്തോടെ തുടക്കം കുറിക്കുമ്പോൾ, 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ തത്സമയം പ്രദർശിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഈഗിൾസ് എഫ്സി. ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സിടിവിയിൽ നിന്ന് മേത്തർ ഗ്രൂപ്പിന്റെ കീഴിലുള്ള ഈഗിൾസ് എഫ്സി പ്രത്യേക ലൈസൻസ് നേടിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്.
ലോകകപ്പിന്റെ ആവേശം അതിന്റെ പരകോടിയിലെത്തുന്ന സെമി ഫൈനലുകൾ, മൂന്നാം സ്ഥാനത്തിനായുള്ള മത്സരം, ഫൈനൽ എന്നിവ ബിഗ് എൽഇഡി സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഈഗിൾസ് എഫ്സി ഔദ്യോഗിക ഫാൻ പാർക്കുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷം ഫുട്ബോൾ ആരാധകർക്കായി ഒരുക്കുന്നതിനൊപ്പം, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഈ ഫാൻ പാർക്കുകളിൽ സംഘടിപ്പിക്കുന്നുണ്ട്.
ഫുട്ബോൾ ആവേശത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ മാത്രം മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ഏഴ് ഫാൻ പാർക്കുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലാണ് ഈ പാർക്കുകൾ പ്രവർത്തിക്കുന്നത്. കേരള ഫുട്ബോൾ അസോസിയേഷന്റെയും വിവിധ ജില്ലാ ഫുട്ബോൾ അസോസിയേഷനുകളുടെയും പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പരിപാടികൾ, സംസ്ഥാനത്തെ കായികപ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.