ന്യൂഡൽഹി: ഉപയോഗശൂന്യമായ ഷൂസുകളും ചെരുപ്പുകളും പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ സുരക്ഷിതമായി സംസ്കരിക്കുന്നതിനായി ‘സീറോ ഫൂട്ട്മാർക്സ്’ (Zero Footmarks) പദ്ധതിക്ക് വി.കെ.സി തുടക്കമിട്ടു. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഉപഭോക്താക്കളിൽ നിന്ന് പഴയ പാദരക്ഷകൾ ഓൺലൈൻ വഴി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരണത്തിന് എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പാദരക്ഷകൾ വാങ്ങുമ്പോൾ തന്നെ പഴയവ എളുപ്പത്തിൽ കൈമാറാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ സീറോ ഫൂട്ട്മാർക്സ് എന്ന വെബ്സൈറ്റ് വഴി പുതിയ ചെരുപ്പുകളോ ഷൂസുകളോ ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ, അവ വീട്ടിൽ ഡെലിവറി ചെയ്യുന്ന വേളയിൽ തന്നെ കൈവശമുള്ള പഴയ പാദരക്ഷകൾ ജീവനക്കാർക്ക് തിരികെ നൽകാൻ സാധിക്കും. പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്, റബ്ബർ മാലിന്യങ്ങൾക്കിടയിൽ കൃത്യമായ മാലിന്യ സംസ്കരണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കുട്ടികളിലും യുവാക്കളിലും പരിസ്ഥിതിബോധം വളർത്താനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ അവരെ പ്രേരിപ്പിക്കാനും വി.കെ.സി മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി വലിയൊരു പ്രചോദനമാകും.