കൊച്ചി: ചിൽട്ടൺ റഫ്രിജറേഷന്റെ ‘ഡ്യുവൽ പർപ്പസ് എസി’ക്ക് കെ.എം.എ സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ മുറി തണുപ്പിക്കുന്നതിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ഈ ഉത്പന്നത്തിനാണ് പരിസ്ഥിതി സൗഹൃദ കണ്ടുപിടുത്തത്തിനുള്ള അംഗീകാരം ലഭിച്ചത്. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരമാണ് ഇതിന് ലഭിച്ചത്.
കൊച്ചി താജ് വിവാന്തയിൽ നടന്ന നാലാമത് കെ.എം.എ ഗ്രീൻ പാസ്സ് സസ്റ്റൈനബിലിറ്റി ഉച്ചകോടിയിലെ പ്രൊഡക്ട്സ് വിഭാഗത്തിലാണ് കമ്പനി അവാർഡ് നേടിയത്. ചിൽട്ടൺ റഫ്രിജറേഷൻ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ പി.ജി. ചിൽ പ്രകാശും ഡയറക്ടർ വിവേക് ചിൽ പ്രകാശും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എസിയിൽ നിന്ന് പുറന്തള്ളപ്പെടുന്ന താപം ഉപയോഗിച്ച് ചൂടുവെള്ളം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഒരുപോലെ സാമ്പത്തിക ലാഭവും ഊർജ്ജ ലാഭവും ഇതിലൂടെ ലഭിക്കുന്നു.
ചെന്നൈ ഐ.ഐ.ടി, കോഴിക്കോട് എൻ.ഐ.ടി തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പരിശോധനകളിൽ ഡ്യുവൽ പർപ്പസ് എസിയുടെ കാര്യക്ഷമത തെളിഞ്ഞിട്ടുണ്ട്. സാധാരണ എസികളെ അപേക്ഷിച്ച് 62 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ ഇതിലൂടെ സാധിക്കും. ആഗോളതാപന സാധ്യതയിൽ 53 ശതമാനവും അന്തരീക്ഷ താപനില വർദ്ധനവിൽ 21 ശതമാനവും കുറവ് വരുത്താൻ ഇത് സഹായിക്കുന്നു. പരിസ്ഥിതി സംരക്ഷണ മികവിന് സി.ഇ.ഇ നൽകുന്ന ‘ഇക്കോ ലേബൽ’ പദവിയും ഈ ഉൽപ്പന്നത്തിന് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ ഊർജ്ജ സംരക്ഷണത്തിനായുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ചിൽട്ടൺ എം.ഡി പി.ജി. ചിൽ പ്രകാശ് പ്രതികരിച്ചു.