ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനായി സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലെത്തിയ അഞ്ച് ബോക്സർമാരെ കാണാതായതായി റിപ്പോർട്ട്. നാല് ഉഗാണ്ടൻ ബോക്സർമാരെയും ഒരു പാകിസ്താൻ താരത്തെയുമാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ സ്കോട്ലൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാകിസ്താൻ ബോക്സർ ഖുദ്റത്തുള്ളയെയാണ് കാണാതായത്. കോമൺവെൽത്ത് ഗെയിംസ് പൂർത്തിയാക്കി പാകിസ്താൻ സംഘം നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സംഭവം. ഇദ്ദേഹം യു.കെയിൽ തുടരാനായി മനഃപൂർവം സംഘത്തിൽ നിന്ന് വിട്ടുമാറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. താരത്തിന്റെ പാസ്പോർട്ട് നിലവിൽ ടീം മാനേജരുടെ കൈവശമാണെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തെ കണ്ടെത്താൻ ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പാകിസ്താൻ കായിക സംഘങ്ങളുമായി ബന്ധപ്പെട്ട് സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022-ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിനിടെ ബോക്സർമാരായ സുലൈമാൻ ബലൂച്ച്, നസീറുള്ള ഖാൻ എന്നിവരെയും കാണാതായിരുന്നു. കൂടാതെ, ഇറ്റലിയിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടെ ഏഷ്യൻ സ്വർണ മെഡൽ ജേതാവായ സുഹൈബ് റഷീദും സംഘത്തിൽ നിന്ന് വിട്ടുമാറിയിരുന്നു. ഈ താരങ്ങൾ പിന്നീട് തിരിച്ചെത്തുകയായിരുന്നു. അഞ്ച് താരങ്ങളുടെ തിരോധാനത്തിൽ വ്യക്തത വരുത്താൻ സ്കോട്ലൻഡ് പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായവർ മനഃപൂർവം രാജ്യം വിട്ടതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ.